നാല് പ്രമുഖ വ്യക്തിത്വങ്ങൾക്ക് കേരള സർവകലാശാലയുടെ ഓണററി ബിരുദങ്ങൾ സമർപ്പിച്ചു

Senate House Campus, Palayam

കേരള സർവകലാശാലയുടെ 32-ാമത് ഓണററി ബിരുദസമർപ്പണച്ചടങ്ങിൽ ശ്രീകുമാരൻ തമ്പിക്കും, പി. ആർ. ശ്രീജേഷിനും, മധുവിനും ഡി. ലിറ്റ്.; ഡോ. കെ. രാധാകൃഷ്ണന് ഡി.എസ്‌സി.

തിരുവനന്തപുരം: ശാസ്ത്രം, സിനിമ, സാഹിത്യം, കായികം എന്നീ മേഖലകളിൽ മികവ് തെളിയിച്ച നാല് പ്രമുഖ വ്യക്തിത്വങ്ങൾക്ക് കേരള സർവകലാശാലയുടെ ഓണററി ബിരുദങ്ങൾ സമർപ്പിച്ചു. തിങ്കളാഴ്ച സർവകലാശാല സെനറ്റ് ഹാളിൽ നടന്ന 32-ാമത് കോൺവൊക്കേഷൻ ചടങ്ങിലാണ് ബിരുദങ്ങൾ സമർപ്പിച്ചത്.

പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കും ഒളിമ്പ്യനും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ പത്മഭൂഷൺ പി.ആർ. ശ്രീജേഷിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്.) ഓണററി ബിരുദം സമർപ്പിച്ചു. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും മുൻ ഐ.എസ്.ആർ.ഒ. ചെയർമാനുമായ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്‌സി.) ഓണററി ബിരുദം ചടങ്ങിൽ നേരിട്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സമർപ്പിച്ചു. ഏതാനും ദിവസങ്ങൾക്കകം ലോക്ഭവനിൽ വച്ച് ചാൻസലർ ഡോ. കെ. രാധാകൃഷ്ണന് ഡി.എസ്‌സി. ബിരുദം ഔദ്യോഗികമായി സമ്മാനിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പറഞ്ഞു.

മുതിർന്ന നടൻ പത്മശ്രീ മധുവിന് തിങ്കളാഴ്ച വൈകിട്ട് കുമാരപുരത്തെ വസതിയിലെത്തിയാണ് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി. ലിറ്റ്.) ഓണററി ബിരുദം സമർപ്പിച്ചത്.

കേരള ഗവർണറും സർവകലാശാല ചാൻസലറുമായ ശ്രീ ഓം പ്രകാശ് മാഥുറിന്‍റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല പ്രോ-ചാൻസലറുമായ ശ്രീ. റോജി എം. ജോൺ, വൈസ് ചാൻസലർ, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെനറ്റ് യോഗത്തിൽ ഓണററി ബിരുദസമർപ്പണം പ്രഖ്യാപിച്ചതിലൂടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അക്കാദമിക് പ്രോസഷൻ സെനറ്റ് ഹാളിലെത്തി. ഓണററി ബിരുദ ജേതാക്കളുടെ വിശിഷ്ട നേട്ടങ്ങളും സംഭാവനകളും വിവരിക്കുന്ന പ്രശസ്തിപത്രങ്ങൾ വൈസ് ചാൻസലർ അവതരിപ്പിച്ചു.

ബിരുദങ്ങൾ നൽകുന്ന ഇടങ്ങൾ മാത്രമല്ല സർവകലാശാലകൾ എന്നും അറിവ് സൃഷ്ടിക്കപ്പെടുകയും ആശയങ്ങൾ ചർച്ച ചെയ്യപ്പെടുകയും മൂല്യങ്ങൾ വളർത്തിയെടുക്കപ്പെടുകയും സമൂഹത്തിന്റെ ഭാവി രൂപപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങളാണെന്നും ചാൻസലർ ശ്രീ ഓം പ്രകാശ് മാഥുർ പറഞ്ഞു. ബിരുദദാനം കേവലം ഔപചാരിക ചടങ്ങല്ലെന്നും അറിവിന്‍റെയും നേട്ടങ്ങളുടെയും പ്രതിബദ്ധതയുടെയും സാമൂഹിക സേവനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നാല് പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ചാൻസലർ, മികവിന് പല രൂപങ്ങളുണ്ടാകാമെങ്കിലും അർപ്പണബോധവും അച്ചടക്കവും നിരന്തര പരിശ്രമവും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറമുള്ള ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയും അതിന് അനിവാര്യമാണെന്ന് പറഞ്ഞു. ബഹുവിഷയ ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കാനും വ്യവസായ-സാമൂഹിക മേഖലകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വിദ്യാർഥികളെ ഉത്തരവാദിത്തബോധവും മാനവികതയുമുള്ള പൗരന്മാരായി വളർത്താനും സർവകലാശാലകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിനും സമൂഹത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നാല് വിശിഷ്ട വ്യക്തികൾക്ക് ഓണററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയും അഭിമാനവുമാണെന്ന് പ്രോ-ചാൻസലറും കേരള ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ. റോജി എം. ജോൺ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്ന ഈ ചടങ്ങ് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശിഷ്ട വ്യക്തികളുടെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം, ചടങ്ങിൽ പങ്കെടുത്ത യുവവിദ്യാർഥികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും മികവ് കൈവരിക്കാൻ പരിശ്രമിക്കാനും സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകാനും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ മാതൃസർവകലാശാലയായ കേരള സർവകലാശാല തലമുറകളായി ബൗദ്ധികരംഗത്തെ പ്രതിഭകളെയും പ്രൊഫഷണലുകളെയും വിവിധ മേഖലകളിലെ പ്രമുഖരെയും നേതാക്കളെയും വാർത്തെടുക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. ഓണററി ഡോക്ടറേറ്റ് ലഭിച്ച നാലുപേരും ഈ മഹത്തായ സ്ഥാപനത്തിലെ പൂർവവിദ്യാർഥികളാണെന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വ്യക്തിഗത നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം കേരളത്തിന്റെ പുരോഗതിയിൽ സർവകലാശാല വഹിച്ച പങ്കിന്റെയും അതിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും ആഘോഷം കൂടിയായി ഈ ചടങ്ങ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി. ലിറ്റ്. സ്വീകരിച്ച ശ്രീകുമാരൻ തമ്പി സർവകലാശാലയുടെ ആദരവിൽ അഗാധമായ നന്ദി രേഖപ്പെടുത്തി. സർവകലാശാലയുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച അദ്ദേഹം, “എനിക്ക് ആദ്യ ബിരുദം നൽകിയ സർവകലാശാല ഇന്ന് എനിക്ക് ഡോക്ടറേറ്റ് നൽകുകയാണ്” എന്ന് പറഞ്ഞു. മലയാളത്തിൽ ഉന്നതപഠനം നടത്തി കോളേജ് അധ്യാപകനാകണമെന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹമെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെ ഗണിതശാസ്ത്രത്തിലേക്കും സിവിൽ എൻജിനീയറിങ്ങിലേക്കും നയിച്ചെന്നും പിന്നീട് സാഹിത്യവും സിനിമയുമായി ജീവിതം മുന്നോട്ടുപോയെന്നും അദ്ദേഹം അനുസ്മരിച്ചു. അധ്യാപകരുടെ പ്രോത്സാഹനവും മലയാളി പ്രേക്ഷകരുടെ നിരന്തര പിന്തുണയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. കവിയായി 75 വർഷവും ചലച്ചിത്ര ഗാനരചയിതാവായി 60 വർഷവും പിന്നിട്ട താൻ ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ജിജ്ഞാസ നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം, ആത്മവിശ്വാസം, മാതാവിന്റെ പ്രാർത്ഥന, ദൈവാനുഗ്രഹം എന്നിവയാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി. ലിറ്റ്. സ്വീകരിച്ച പി. ആർ. ശ്രീജേഷ് ഈ അംഗീകാരം തന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും അവിസ്മരണീയവുമായ നിമിഷങ്ങളിലൊന്നാണെന്ന് പറഞ്ഞു. ഹോക്കിയിലെ 25 വർഷത്തെ യാത്ര അനുസ്മരിച്ച അദ്ദേഹം, മെഡലുകളും പുരസ്കാരങ്ങളും നേടിയത് മാത്രമല്ല, പരാജയങ്ങളും നിരാശകളും പ്രതിസന്ധികളും നേരിട്ടപ്പോഴും പിന്മാറാതിരുന്നതാണ് തന്‍റെ ഏറ്റവും വലിയ നേട്ടമെന്ന് അഭിപ്രായപ്പെട്ടു. യുവതലമുറയോട് അദ്ദേഹം നൽകിയ സന്ദേശം ശ്രദ്ധേയമായി: “ഒരിക്കലും വീഴാതിരിക്കുന്നതല്ല വിജയം; ഓരോ തവണ വീഴുമ്പോഴും വീണ്ടും എഴുന്നേൽക്കാനുള്ള ധൈര്യം കണ്ടെത്തുന്നതാണ് വിജയം.” മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ യാത്രയിൽ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം ഈ അംഗീകാരം സമർപ്പിച്ചു. പുതുതലമുറയ്ക്ക് പ്രചോദനമാകാനുള്ള പുതിയ ഉത്തരവാദിത്തമാണ് ഈ അംഗീകാരം തനിക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഡോ. കെ. രാധാകൃഷ്ണൻ അയച്ച സന്ദേശം വേദിയിൽ വായിച്ചു. 1970-ൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ തന്‍റെ മാതൃസ്ഥാപനത്തിൽനിന്ന് ഡി. എസ്‌സി. ലഭിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. കേരളത്തിലെ വിദ്യാഭ്യാസമാണ് 1971-ൽ ഐ. എസ്. ആർ. ഒ. യിൽ പ്രവേശിക്കുന്നതിന് അടിത്തറയായതെന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയകരമായ ചൊവ്വാ ദൗത്യത്തെ ദേശീയ ദർശനത്തിന്‍റെയും സ്ഥാപനങ്ങളുടെ പാരമ്പര്യത്തിന്‍റെയും കൂട്ടായ പ്രവർത്തനത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും ഉദാഹരണമായി അദ്ദേഹം വിശേഷിപ്പിച്ചു. പരാജയങ്ങളെ ഭയക്കാതെ അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വിജയത്തിലേക്ക് മുന്നേറണമെന്നും അദ്ദേഹം യുവതലമുറയോട് ആഹ്വാനം ചെയ്തു.

പത്മശ്രീ മധുവിന് കുമാരപുരത്തെ വസതിയിലെത്തി മന്ത്രി ശ്രീ റോജി എം. ജോൺ ഡി. ലിറ്റ്. സമ്മാനിച്ചു. ഓണററി ഡോക്ടറേറ്റ് അസാധാരണമായ മൂല്യമുള്ള അംഗീകാരമാണെന്ന് മധു പറഞ്ഞു. വർഷങ്ങളോളം പഠിച്ചും പരീക്ഷകൾ എഴുതിയും നേടിയ മറ്റ് അക്കാദമിക ബിരുദങ്ങളുമായി ഈ അംഗീകാരത്തെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ പതിവ് നർമത്തോടെ സംസാരിച്ചു. “എന്‍റെ മറ്റെല്ലാ ബിരുദങ്ങളും കൂടി തൂക്കിനോക്കിയാലും ഈ ബിരുദത്തിനോളം തൂക്കം വരുമോ എന്ന് സംശയമാണ്,” അദ്ദേഹം പറഞ്ഞു. ഈ അംഗീകാരം നൽകിയ സർവകലാശാലയോടും അതിനായി പ്രവർത്തിച്ച എല്ലാവരോടും അദ്ദേഹം ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി. സജീവമായ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറിയ ഘട്ടത്തിൽ ഇത്തരമൊരു ആദരം ലഭിച്ചത് ഏറെ സന്തോഷവും ഭാഗ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാക് എ++ അംഗീകാരവും എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളിൽ 25-ാം സ്ഥാനവും നേടിയ കേരള സർവകലാശാല വിവിധ മേഖലകളിലെ മികവിനെ ആദരിക്കുന്നതിലൂടെയും രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നതിലൂടെയും അക്കാദമിക മികവും സാമൂഹിക പ്രതിബദ്ധതയും വീണ്ടും വ്യക്തമാക്കി.