Orientation Programme for International Students 2026

CLIF Building, Kariavattom

തിരുവനന്തപുരം: “ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരള സർവകലാശാലയിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾ അവരുടെ രാജ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാണ്. പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ അവർ സർവകലാശാലയുടെയും നമ്മുടെ രാജ്യത്തെ മികച്ച വിജ്ഞാനകേന്ദ്രങ്ങളുടെയും ബ്രാൻഡ് അംബാസഡർമാരായി മാറുന്നു,” കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പറഞ്ഞു. ബുധനാഴ്ച നടന്ന പുതുതായി പ്രവേശനം നേടിയ അന്തർദേശീയ വിദ്യാർഥികൾക്കായുള്ള ഓറിയന്റേഷൻ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബമാണ്) എന്ന ആശയത്തിന് ഊന്നൽ നൽകിയ വൈസ് ചാൻസലർ, വിദേശപഠനത്തിലൂടെ വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായി അർഥവത്തായ ബന്ധങ്ങൾ സ്ഥാപിക്കാനും വിദ്യാർഥികൾക്ക് അവസരം നൽകുന്നതായി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ക്ലിഫ് ബിൽഡിങ്ങിലുള്ള സി. വി. രാമൻ ഹാളിൽ നടന്ന പരിപാടിയിൽ 2026–27 അധ്യയന വർഷത്തിൽ സർവകലാശാലയിൽ പ്രവേശനം നേടിയ 41 രാജ്യങ്ങളിൽ നിന്നുള്ള 140 അന്തർദേശീയ വിദ്യാർഥികൾ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയവരിൽ 53 എഫ്. വൈ.യു.ജി. വിദ്യാർഥികളും 69 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 18 പി.എച്ച്.ഡി. ഗവേഷകരുമാണുള്ളത്.

നാലു വർഷ ബിരുദ വിദ്യാർഥികളിൽ യു.എസ്.എ., മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേർ സ്വാശ്രയ വിഭാഗത്തിൽ പ്രവേശനം നേടിയവരാണ്. ബിരുദാനന്തര വിഭാഗത്തിൽ കൊളംബിയയിൽ നിന്നുള്ള ഒരു സ്വാശ്രയ വിദ്യാർഥിയും ഉൾപ്പെടുന്നു. വിദേശവിദ്യാർത്ഥികളിൽ 79 പേർ ആൺകുട്ടികളും 61 പേർ പെൺകുട്ടികളുമാണ്.

16 വിദ്യാർഥികളുമായി ശ്രീലങ്കയാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന രാജ്യം. ബംഗ്ലാദേശിൽ നിന്ന് 14 പേരും താജിക്കിസ്ഥാനിൽ നിന്ന് ഒമ്പത് പേരും പ്രവേശനം നേടി. സർവകലാശാലയിലെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലാണ് വിദ്യാർഥികൾ ചേർന്നത്. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ 31 അന്തർദേശീയ വിദ്യാർഥികളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരള (ഐ.എം.കെ.)യിൽ 29 പേരും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 19 പേരുമുണ്ട്.

അന്തർദേശീയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനും സർവകലാശാലയിലെ അവരുടെ അക്കാദമിക ജീവിതത്തിന് മികച്ച തുടക്കം നൽകുന്നതിനുമാണ് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചത്. സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം, പിന്തുണാ സംവിധാനങ്ങൾ, ക്യാമ്പസ് സൗകര്യങ്ങൾ, വിദ്യാർഥി സേവനങ്ങൾ, ലഭ്യമായ വിവിധ അവസരങ്ങൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.

ഉദ്‌ഘാടന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ രശ്മി ആർ, സെന്‍റര്‍ ഫോർ ഗ്ലോബൽ അക്കാദമിക്സ് ഡയറക്ടർ പ്രൊഫ. (ഡോ.) ബിജു ടി., സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. നൗഷാദ് വി., പ്രൊഫ. (ഡോ.) അനിൽകുമാർ, ഐ.സി.സി.ആർ. ബെംഗളൂരു സോണൽ ഡയറക്ടർ നിഷി ബാല എന്നിവർ സംസാരിച്ചു.

ഐ.ക്യൂ.എ.സി. ഡയറക്ടർ പ്രൊഫ. (ഡോ.) ഇ. ഷാജി, സി.എസ്.എസ്. വൈസ് ചെയർമാൻ പ്രൊഫ. (ഡോ.) ജയചന്ദ്രൻ ആർ., ക്യാമ്പസ് ഡയറക്ടർ പ്രൊഫ. (ഡോ.) ജോസുകുട്ടി സി. എ., സെന്‍റര്‍ ഫോർ അണ്ടർഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. (ഡോ.) സാം സോളമൻ, എഫ്.ആർ.ആർ.ഒ. സംഘം, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ അക്കാദമിക ഡയറക്ടർ പ്രൊഫ. (ഡോ.) ഗബ്രിയേൽ സൈമൺ തട്ടിൽ, അന്തർദേശീയ വിദ്യാർഥികൾ, സെന്‍റര്‍ ഫോർ ഗ്ലോബൽ അക്കാദമിക്സ്, എന്നിവർ സെഷനുകൾ നയിച്ചു. ഐ.സി.സി.ആർ., നിലവിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾ എന്നിവരും സെഷനുകളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സിന്‍റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.