പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് യുവജനോത്സവം

സർവകലാശാലാ യുവജനോത്സവം

സ്ഥാപിതമായ വര്‍ഷം : 1970 | കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്റ്റ്യു‍ഡന്‍റ്സ് സെന്‍റര്‍, തിരുവനന്തപുരം

ss

അക്കാദമികമായ അറിവ് പകർന്നു എന്നതു മാത്രമല്ല വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത്. അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമ്പോഴാണ് വിദ്യാഭ്യാസം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. വിദ്യാർത്ഥികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകൾ രംഗത്ത് കൊണ്ട് വരുന്നതിനായി കേരളസർവകലാശാലാ യൂണിയൻ എല്ലാ വർഷവും സർവകലാശാല തലത്തില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപരവും വിദ്യാഭ്യാസപരവുമായ കഴിവും നൈപുണ്യവും പ്രകടമാക്കാൻ ഇത് വഴിയൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കലാലയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവത്തിൽ പങ്കെടുക്കുക എന്ന സന്തോഷത്തോടൊപ്പം മത്സരത്തിന്റെതയും സൗഹാർദ്ദത്തിന്റെടയും വാതായനങ്ങൾ തുറക്കുകയുമാണ് ഓരോ യുവജനോത്സവ വേദിയും. വിദ്യാർഥികൾ തന്നെ സംഘടകരാകുന്നു എന്നതാണ് സർവകലാശാലാ യുവജനോത്സവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റുഡന്‍റ്സ് സർവീസസ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ യുവജനോത്സവത്തിന്‍റെ ഓരോ നിമിഷവും വിദ്യാർഥികൾ ആസൂത്രണം ചെയ്യുന്നു. അംഗീകൃത കോളേജുകൾ ഉള്ള നാലു ജില്ലകളിൽ ഓരോ വർഷം ഓരോ ജില്ലയിൽ എന്ന രീതിയിലാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്. അതിലൂടെ സർവകലാശാലയുടെ അംഗീകൃത കലാലയങ്ങൾ സ്ഥിതി ചെയ്യുന്ന നാലു ജില്ലകളിലും യുവജോത്സവത്തിന്‍റെ പ്രഭാവം എത്തിക്കുന്നതിന് സാധിക്കുന്നു. ഏകദേശം ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ഒരേസമയം കുറഞ്ഞത് ആറ് വേദികളിലായി നടക്കുന്നു. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെയോ എഴുത്തുകാരുടെയോ പേരിലാണ് ഈ വേദികൾ അറിയപ്പെടുക.

സർവകലാശാലയുടെ തുടക്കത്തിലും സ്റ്റുഡന്‍റ്സ് യൂണിയൻ തന്നെയാണ് യുവജനോത്സവം സംഘടിപ്പിച്ചിരുന്നതെങ്കിലും ഇന്ന് ലഭ്യമായ ജനപ്രീതി അന്ന് ഉണ്ടായിരുന്നില്ല. 1970-71 കാലഘട്ടത്തിലാണ് ഇന്നത്തെ മാതൃകയിലേക്കു യുവജനോത്സവം പുനഃസംഘടിപ്പിക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ നിഷ്പക്ഷമായ പങ്കെടുക്കൽ ഉറപ്പു വരുത്തുന്നതിനായി സർവകലാശാല ചിട്ടപ്പെടുത്തിയ നിയമങ്ങൾക്കനുസൃതമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആദ്യകാലത്ത്, ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വിദ്യാർത്ഥിയെ വ്യക്തിഗത ചാമ്പ്യൻ ആയി തിരഞ്ഞെടുത്തിരുന്നു. എന്നാൽ 1984 -മുതൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ നിന്നായി കലാപ്രതിഭ, കലാതിലക പട്ടങ്ങൾ നൽകിത്തുടങ്ങി. ഏറ്റവും കൂടുതൽ പോയിന്‍റു നേടുന്ന അംഗീകൃത കലാലയങ്ങൾക്കോ പഠനവകുപ്പുകൾക്കോ ഓവറോൾ ട്രോഫി നൽകുന്നു.

സമീപ കാലങ്ങളിൽ സർവകലാശാലാ യുവജനോത്സവത്തിൽ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ പ്രൊഫഷണൽ കലാകാരന്മാരായി മാറിയിട്ടുണ്ട്. കേരളത്തിലെ കലാരംഗത്തും സിനിമാ രംഗത്തും തങ്ങളുടെ സാന്നിദ്ധ്യം അവർ ഉറപ്പിച്ചു കഴിഞ്ഞു. യഥാർത്ഥത്തിൽ യുവജനോത്സവ വേദി ഭാവിയിലെ നക്ഷത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള രംഗമായി മാറിക്കഴിഞ്ഞു. കലോത്സവ വേദി നിരവധി സിനിമാ നിർമ്മാതാക്കൾക്കും പ്രശസ്തകലാകാരന്മാർക്കും ഭാവിതാരങ്ങളെ തിരിച്ചറിയാനുള്ള വേദി കൂടിയാണ്. നിരവധി സിനിമാ താരങ്ങളും, എഴുത്തുകാരും, കലാകാരന്മാരും, സാംസ്കാരിക നായകരും തങ്ങളുടെ സാന്നിധ്യം കൊണ്ട് കലോത്സവവേദിയെ അനുഗ്രഹീതമാക്കുന്നു. അവരിൽ ഭൂരിഭാഗവും താരങ്ങളായല്ല, മറിച്ച് പഴയകാലത്തെ മത്സരാർത്ഥികളായാണ് എത്തുന്നത്. തങ്ങളുടെ കലാലയ ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങൾ വീണ്ടും അനുഭവിക്കുന്നതിനും ചെസ്റ്റ് നമ്പർ സ്വീകരിച്ച് മത്സരവേദികളിൽ തങ്ങൾ നടത്തിയ മിന്നുന്ന പ്രകടനങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുന്നതിനും ആവേശത്തോടെ അവർ വേദികളിലേക്ക് എത്തുന്നു.

karinaMorin

"2010 -ൽ നടന്ന കേരള സർവകലാശാലാ യുവജനോത്സവത്തിൽ വിദേശത്തുനിന്നുള്ള വിദ്യാർത്ഥിയുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. കൊല്ലം, പുത്തൂരിലെ എസ്. എൻ. ആയുർവേദ കോളേജിലെ, മൂന്നാം വർഷ വിദ്യാർത്ഥിനിയായ ജർമ്മനിയിൽ നിന്നുള്ള കരീന മിയോറിൻ ഉപകരണസംഗീതത്തിൽ (പാശ്ചാത്യ വിഭാഗം) മറ്റു കുട്ടികളോട് മത്സരിച്ച് ഒന്നാംസ്ഥാനം നേടി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി". 2003 -ൽ കേരളത്തിൽ എത്തിയ മിസ്. മിയോറിനെ ഇവിടത്തെ സാംസ്കാരിക പൈതൃകവും ആയുർവേദവും അത്യധികം ആകർഷിച്ചു. തന്‍റെ മാതാപിതാക്കളായ ബ്രയാൻ ഹാർട്ടിന്‍റെയും ഐസോഡിന്‍റെയും അനുവാദത്തോടെ ജർമൻ എംബസി വഴി എസ്. എൻ. ആയുർവേദ കോളേജിൽ പ്രവേശനം നേടി.

imagee

"യുവജനോത്സവത്തിലെ മത്സരങ്ങൾ വരാനിരിക്കുന്ന വലിയ മത്സരങ്ങളുടെ ഒരു ടെസ്റ്റ് റണ്ണർ ആയിരുന്നു എന്നും ഒരു പ്രൊഫഷണൽ ഗായകനായി വളരാൻ ഉള്ള കളമൊരുക്കുകയിരുന്നു എന്നും പ്രശസ്ത സിനിമാ പിന്നണി ഗായകനായ ജി. വേണുഗോപാൽ അഭിപ്രായപ്പെടുന്നു. ഈ കലാലയമത്സരങ്ങളിൽ കൂടിയാണ് താനും കെ.എസ്. ചിത്ര, അരുന്ധതി എന്നിവരും ഗായകരായി മാറിയത് എന്നും അദ്ദേഹം പറയുന്നു. പ്രശസ്ത ഗായകനായ ജി. വേണുഗോപാൽ 1984-ലും 1985-ലും കേരളസർവകലാശാലാ കലാപ്രതിഭയായിരുന്നു."

ട്രോഫികളും മാർക്കും!

കേരള സർവകലാശാല യുവജനോത്സവ വിജയികൾക്ക് സോണൽ, ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. ഇത് കൂടാതെ വിജയികൾ സർവകലാശാലാ പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹ രാവുകയും ചെയ്യുന്നു. വിജയികൾ പരീക്ഷാ വിഭാഗത്തിൽ അവരുടെ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്താൻ സാധിക്കും.

ലഭിക്കുന്ന ഗ്രേസ് മാർക്ക് ശതമാനത്തിൽ

ക്രമ നമ്പർ മത്സരവിഭാഗവും ഗ്രേസ് മാർക്കിന്റെ ശതമാനവും
1 കേരളസർവകലാശാല യുവജനോത്സവം (വ്യക്തിഗതം/ സംഘം)
ഒന്നാം സമ്മാനം - 6%
രണ്ടാം സമ്മാനം - 5%
മൂന്നാം സമ്മാനം - 3%
2 ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫെസ്റ്റിവൽ (വ്യക്തിഗതം/ സംഘം)
ഒന്നാം സമ്മാനം - 10%
രണ്ടാം സമ്മാനം - 9%
മൂന്നാം സമ്മാനം - 8%
ഇന്ററർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫെസ്റ്റിവൽ ടീം അംഗം - 7%
3 ഓൾ ഇന്ത്യ ഇന്റൽർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത്ഫെസ്റ്റിവൽ(വ്യക്തിഗതം/ സംഘം)
ഒന്നാം സമ്മാനം - 15%
രണ്ടാം സമ്മാനം - 12%
മൂന്നാം സമ്മാനം - 10%
നാലാം സമ്മാനം - 8%
ഓൾ ഇന്ത്യ ഇന്റൽർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത്ഫെസ്റ്റിവൽ ടീം അംഗം - 8%
4 ഇന്റിർനാഷണൽ ഫെസ്റ്റിവലിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി പ്രതിനിധി - 10%
5 കേരളോത്സവത്തിലെ മെഡൽ ജേതാക്കളായവർ (വ്യക്തിഗതം/ സംഘം)
ഒന്നാം സമ്മാനം - 5%
രണ്ടാം സമ്മാനം - 4%
മൂന്നാം സമ്മാനം - 3%
വിദ്യാർത്ഥി പങ്കെടുത്ത ഇനം കേരള സർവകലാശാല യുവജനോത്സവത്തിന്‍റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇനം ആയിരിക്കണം
6 ദേശീയ യുവജനോത്സവം
ഒന്നാം സമ്മാനം - 15%
രണ്ടാം സമ്മാനം - 12%
മൂന്നാം സമ്മാനം - 10%
ദേശീയ യുവജനോത്സവത്തിൽ കേരളസംസ്ഥാനത്തെ പ്രതിനിധീകരിച്ചാൽ - 5%

അഞ്ചു വിഭാഗങ്ങളിലായി 62 ഇനങ്ങൾ

കേരള സർവകലാശാലാ യുവജനോത്സവത്തിൽ സംഗീതം, നൃത്തം, തിയേറ്റർ, സാഹിത്യം, ഫൈൻ ആർട്സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 62 ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുവജനോത്സവത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ കർശനമായി പാലിക്കപ്പെട്ടുകൊണ്ടാണ് മത്സരങ്ങൾ നടത്തുന്നത്. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അപ്പീൽ നൽകേണ്ടത് പ്രൊ-വൈസ് ചാൻസലർ അധ്യക്ഷനായിട്ടുള്ള അപ്പീൽ കമ്മിറ്റിയ്ക്കാണ്.

(കേരള സര്‍വകലാശാല യുവജനോത്സവത്തിന്‍റെ നിയമങ്ങളും മത്സരയിനങ്ങളും ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

(2011-ലെ യുവജനോത്സവത്തിലെ മത്സരയിനങ്ങളുടെ ലിസ്റ്റ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക)