പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് എൻ. സി. സി

എൻ. സി. സി. - നാഷണൽ കേഡറ്റ് കോർപ്സ്

സ്ഥാപിതമായ വര്‍ഷം : 1948

എന്‍. സി. സി. യൂണിറ്റുകള്‍ ഉള്ള കലാലയങ്ങളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

imagee

നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ്. പതിമൂന്നു ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര-വ്യോമ-നാവികസേനകളുടെ സംയുക്ത രൂപത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. എൻ. സി. സി. യുടെ ഉല്പത്തി ഒന്നാം ലോക മഹായുദ്ധവും 1917 -ലെ ഇന്ത്യൻ ഡിഫെൻസ് ആക്റ്റും അനുസരിച്ചാണ്. ഇതനുസരിച്ചു സർവകലാശാലകളിലും എൻ. സി. സി. യുടെ ഒരു വിഭാഗം പ്രവർത്തിക്കുന്നു. രാജ്യത്തെ യുവജനതയെ മികച്ച പൗരന്മാരായി രൂപപ്പെടുത്തുന്നതിനുള്ള ഒരു സംഘടനയാണ് എൻ. സി. സി.. സ്വാതന്ത്ര്യാനന്തരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ എൻ. സി. സി ആക്ട് - 1948 അനുസരിച്ചു 1948 ഏപ്രിൽ 16 -ന് ഡോ. എച്ച്. എൻ. കുസ്‌റു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എൻ. സി. സി. നിലവിൽ വന്നു. എൻ. സി. സി. ഔപചാരികമായി ഉദ്‌ഘാടനം ചെയ്തത് 1948 ജൂലൈ 15 -നാണ്. എൻ. സി. സി. യിലെ പെൺകുട്ടികൾക്കായുള്ള വിഭാഗം പ്രവർത്തനമാരംഭിച്ചത് 1949 -ലാണ്. വ്യോമവിഭാഗം 1950 ഏപ്രിൽ 1 -ന് ബോംബെയിലും കൊൽക്കത്തയിലും നിലവിൽ വന്നു. 1952 ജൂലൈയിൽ നാവികസേനാ വിഭാഗവും കൂടി ഉൾപ്പെട്ടതോടെ മൂന്നു സേനയുടെയും എല്ലാ വിധത്തിലുള്ള പ്രാതിനിധ്യവും എൻ. സി. സി. യിൽ ഉറപ്പാക്കാൻ കഴിഞ്ഞു. ഇപ്പോൾ പതിമൂന്നുലക്ഷത്തിൽപരം കേഡറ്റ്സ് ഇതിൽ അംഗങ്ങളാണ്. എൻ. സി. സി. ഒരു സമാന്തര സൈനിക വിഭാഗമല്ല, യുവജനങ്ങൾക്കു വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി ഏകദേശം 12000 -ത്തോളം അദ്ധ്യാപകർ ഈ സംഘടനയിൽ അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർമാരായി പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സാമൂഹിക സേവനത്തിനു ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ അച്ചടക്കവും സാഹസിക പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി അവരെ വളർത്തിയെടുക്കുക എന്നതാണ് എൻ. സി. സി. കൊണ്ട് ഉദ്ദേശിക്കുന്നത്. എൻ. സി. സി. യുടെ ആപ്തവാക്യം 'ഒത്തൊരുമയും അച്ചടക്കവും' എന്നതാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ തലമുറയിലുംപെട്ട വിദ്യാർത്ഥികൾക്ക് എൻ. സി. സി. എക്കാലവും പ്രചോദനമാകുന്നു.

ss

എൻ. സി. സി. കേരളസർവകലാശാലയിൽ:

ഇന്ത്യയിൽ എൻ. സി. സി. യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരള സർവകലാശാലയിൽ സമാനസ്വഭാവമുള്ള പ്രസ്ഥാനങ്ങൾ നിലവിലുണ്ടായിരുന്നു. 1939 -സെപ്റ്റംബറിൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി ലേബർ കോർപ്സ് (ടി. യു. എൽ. സി.) പ്രവർത്തനമാരംഭിച്ചു. എൻ. സി. സി. യുടെ മുൻഗാമിയായി ഇതിനെ കണക്കാക്കാം. സൈനിക അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നതിനും, തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂർ മഹാരാജാവ് - കേരള സർവകലാശാലയുടെ ചാൻസലർ - ആയിരുന്നു കമാൻഡർ ഇൻ ചീഫ്. ലെഫ്റ്റനന്‍റ് കേണൽ ഗോദവർമ്മ രാജ ആയിരുന്നു കമാൻഡിംഗ് ഓഫീസർ. ഇതിലെ അംഗങ്ങളെ നിർദ്ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ തദ്ദേശീയ കോളേജുകളിൽ നിന്നും തിരഞ്ഞെടുത്തിരുന്നു. 1943 - 44 കാലഘട്ടത്തിൽ ഈ സംഘടനയുടെ പേര് തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഓഫീസ്സേർസ് ട്രെയിനിങ് & ലേബർ കോർപ്സ് എന്നാക്കി മാറ്റി. 1948-ൽ എൻ. സി. സി. ഔപചാരികമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ടി. യു. എൽ. സി. പിരിച്ചു വിടുകയും 1949 -മാർച്ചിൽ ട്രാവൻകൂർ ബറ്റാലിയൻ എൻ. സി. സി. ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ കേരള സർവകലാശാലയുടെ കീഴിൽ 92 കോളേജുകളിൽ എൻ. സി. സി. പ്രവർത്തിക്കുന്നു.