| ![]() ![]() |
1937 - ൽ രൂപീകൃതമായ കേരളാ സർവകലാശാല ഇന്ത്യയിലെ പതിനാറാമത്തെ സർവകലാശാലയാണ്. തിരുവിതാംകൂറിൽ (കേരളത്തിന്റെ തെക്കുഭാഗവും തമിഴ്നാടിന്റെ കുറച്ചു ഭാഗങ്ങളും ചേർന്ന പ്രദേശം) രൂപീകൃതമായ ഈ സർവകലാശാല കഴിഞ്ഞ എട്ടു ദശാബ്ദത്തിനുള്ളിൽ അത്ഭുതകരമായ വളർച്ചയും നേട്ടങ്ങളുമാണ് കൈവരിച്ചിട്ടുള്ളത്.
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ വിളംബരം അനുസരിച്ച് രൂപീകൃതമായ തിരുവിതാംകൂർ സർവകലാശാല പിൽക്കാലത്ത് കേരളാ സർവകലാശാലയായി പരിണമിച്ചു. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവായിരുന്നു സർവകലാശാലയുടെ ആദ്യത്തെ ചാൻസലർ. പണ്ഡിതനും കഴിവുറ്റ ഭരണ തന്ത്രജ്ഞനുമായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഈ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയിരുന്നു. അന്നത്തെ ഭരണകർത്താക്കൾ സർവകലാശാലയുടെ ആദ്യ വൈസ്- ചാൻസലർ ആയി ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിച്ചെങ്കിലും ആ ശ്രമം ഫലവത്തായില്ല. ബ്രിട്ടനിലെ മികച്ച സർവകലാശാലകളുടെ മാതൃകയിലാണ് കേരള സർവകലാശാലയ്ക്കു രൂപം നൽകിയത്. എന്നാൽ ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി കോളേജുകളെ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്യുന്ന രീതി പിന്നീട് നിലവിൽ വന്നു.
കേരള സർവകലാശാല രൂപം കൊണ്ടതുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ എത്തിച്ചേരുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും തിരുവിതാംകൂർ വാനനിരീക്ഷണശാലയിലുമാണ്. 1834 -ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ മഹാരാജാവ്, ക്രിസ്തീയ പുരോഹിതനായ ശ്രീ ജോൺ റോബർട്സുമായി ചേർന്ന് 'മഹാരാജാസ് ഫ്രീ സ്കൂൾ' സ്ഥാപിച്ചു. ശ്രീ. ജോൺ റോബർട്സ് ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. 1866- ൽ മഹാരാജാസ് ഫ്രീ സ്കൂൾ മദ്രാസ് സർവകലാശാലയുടെ കീഴിൽ കോളേജ് ആയി മാറി. പിന്നീട് തിരുവിതാംകൂർ സർവകലാശാല രൂപീകൃതമായപ്പോൾ യൂണിവേഴ്സിറ്റി കോളേജിലെ പഠന വിഭാഗങ്ങൾ സർവകലാശാലയുടെ വിഭാഗമായി മാറി. 1957 ൽ തിരുവിതാംകൂർ സർവകലാശാല കേരളസർവകലാശാലയായി പരിണമിച്ചതിനു ശേഷവും യൂണിവേഴ്സിറ്റി കോളേജ് സർവകലാശാലയുടെ അംഗീകൃത കോളേജായി നിലനിന്നു. 1837- 1838 ൽ തിരുവിതാംകൂറിൽ വാനനിരീക്ഷണശാല സ്ഥാപിതമായി. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ കാൾ ഡെക്കോട്ട് എഫ്. ആർ. എസ്. ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ. കുറച്ചുകാലം വാനനിരീക്ഷണശാല ഒരു സ്വതന്ത്ര സർക്കാർ സ്ഥാപനമായി നിലനിന്നെങ്കിലും പിന്നീട് കേരള സർവകലാശാലയുടെ ഭാഗമായി. ഇപ്പോൾ കേരളസർവകലാശാലയുടെ കീഴിലുള്ള ഏറ്റവും പഴയ സ്ഥാപനമാണ് തിരുവനന്തപുരത്തെ വാനനിരീക്ഷണശാല.
മദ്രാസ് സർവകലാശാലയുടെ ഭാഗമായിരുന്ന തിരുവിതാംകൂറിലെ പത്തു കോളേജുകൾ തിരുവിതാംകൂർ സർവകലാശാലയുടെ അംഗീകൃത കോളേജുകളായി തീർന്നു. 1956- ൽ തിരുവിതാംകൂറിന്റെ ഏറിയ ഭാഗവും കൊച്ചിയും മലബാറും ചേർത്തു് ഐക്യകേരളം രൂപം കൊണ്ടു. കേരള സർവകലാശാലാ നിയമം (1957 -ലെ നിയമം 14) നിലവിൽ വന്നതോടെ 1957 -ൽ തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി പരിണമിച്ചു. സർവകലാശാലയ്ക്കു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സർവകലാശാലകൾ രൂപംകൊണ്ടു. 1968 -ൽ കേരളസർവകലാശാലയുടെ കോഴിക്കോട് ക്യാമ്പസ് കോഴിക്കോട് സർവകലാശാലയായി മാറി. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കോളേജുകൾ കോഴിക്കോട് സർവകലാശാലയുടെ പരിധിയിൽ വന്നു. കൊച്ചി ആസ്ഥാനമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (1971), കേരള കാർഷിക സർവകലാശാല (1971), മഹാത്മാഗാന്ധി സർവകലാശാല (1983) എന്നീ സർവകലാശാലകളും പിന്നീട് രൂപം കൊണ്ടു. ഈ മാറ്റങ്ങളോടെ കേരളസർവകലാശാലയുടെ പ്രവർത്തന പരിധി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലും പത്തനംതിട്ട ജില്ലയിലെ കുറച്ചു ഭാഗങ്ങളിലുമായി ചുരുങ്ങി.
കേരളസർവകലാശാലയ്ക്കു നിലവിൽ 16 ഫാക്കൽറ്റികളും 43 പഠന ഗവേഷണ വകുപ്പുകളും (Departments) ഉണ്ട്. പഠനം, ഗവേഷണം, അറിവ് വികസിപ്പിക്കൽ എന്നിവ മാനദണ്ഡമാക്കിയാണ് ഈ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. അവ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ബിരുദാനന്തര ബിരുദ (എം.എ.) കോഴ്‌സുകൾക്കും, എം.ഫിൽ. (ഒരു വർഷത്തെ ഗവേഷണ ബിരുദം) കോഴ്‌സുകൾക്കും പിഎച്ച്. ഡി. (ഗവേഷണ ബിരുദം) കോഴ്‌സുകൾക്കുമാണ്. ഇവ കൂടാതെ സർവകലാശാലയുടെ ചില അഫിലിയേറ്റഡ് കോളേജുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരളസർവകലാശാല സമാനസ്വഭാവത്തിലുള്ള പഠന ഗവേഷണ വകുപ്പുകളെ ചേർത്തുകൊണ്ട് സ്‌കൂൾ സംവിധാനം നടപ്പിലാക്കി. സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്, സ്കൂൾ ഓഫ് ലൈഫ് സയൻസ് തുടങ്ങി 11 സ്കൂളുകളാണ് നിലവിലുള്ളത്.
പഠന വകുപ്പുകൾ കൂടാതെ ചില പ്രത്യേക വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളും (Study centers) സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും ഗവേഷണ പ്രവർത്തനങ്ങൾക്കായി രൂപം കൊടുത്ത അന്താരാഷ്ട്ര കേരള പഠന കേന്ദ്രം, വിമൺസ് സ്റ്റഡീസ്, സംസ്കാര പഠന കേന്ദ്രം, ശ്രീനാരായണ പഠന കേന്ദ്രം, ഗാന്ധിയൻ പഠന കേന്ദ്രം എന്നിവ അവയിൽ ചിലതാണ്. ഇവയ്ക്കു പുറമേ, 10 ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളും, 8 യു.ഐ.റ്റി.കളും സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു. കാര്യവട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളസർവകലാശാലാ എഞ്ചിനീയറിംഗ് കോളേജ്, ബിരുദതലത്തിൽ എഞ്ചിനീയറിംഗ് പഠനം നടപ്പിലാക്കുന്നു. ഏകദേശം അയ്യായിരത്തിലധികം വരുന്ന വിദ്യാർഥികൾ ഈ കേന്ദ്രങ്ങളിലായി പഠിക്കുന്നു.
കേരളസർവകലാശാലയിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞൻമാരുടെ കീഴിൽ പരിശീലനം നേടിയ നിരവധി മികച്ച അദ്ധ്യാപകർ ഉണ്ടായിരുന്നു. സർ സി. വി. രാമന്റെയും (ഫിസിക്സ്), പ്രൊഫ. എസ്. ആർ. രഘുനാഥന്റെയും (ലൈബ്രറി സയൻസ്), പ്രൊഫ. ബെഞ്ചമിൻ ബ്ലൂമിന്റെയും (എഡ്യൂക്കേഷൻ) ശിഷ്യർ കേരളസർവകലാശാലയിൽ അദ്ധ്യാപകരായിരുന്നിട്ടുണ്ട്. കൂടാതെ പ്രശസ്ത കവി ശ്രീ. അയ്യപ്പ പണിക്കർ, പണ്ഡിതൻ ശ്രീ. ഗണപതി ശാസ്ത്രി തുടങ്ങി നിരവധി പ്രമുഖർ തങ്ങളുടെ വിലപ്പെട്ട സേവനം സർവകലാശാലയ്ക്കു നൽകിയിട്ടുണ്ട്. സർവകലാശാലയുടെ വിവിധ പഠന-ഗവേഷണ വകുപ്പുകളിലായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെപ്പേർ പഠിക്കുന്നുണ്ട്. സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബിരുദ ബിരുദാനന്തര കോഴ്സുകളിലായി ഇന്ത്യയിലും വിദേശത്തുമുള്ള 7000 -ത്തിൽ പരം വിദ്യാർഥികൾ പഠിക്കുന്നു.
150 -ൽ പരം അംഗീകൃത കോളേജുകൾ കേരളസർവകലാശാലയുടെ പ്രവർത്തന പരിധിയിൽ വരുന്നു. ഈ കലാലയങ്ങളുടെ പഠന വിഷയങ്ങൾ, പരീക്ഷാനടത്തിപ്പ്, സർട്ടിഫിക്കറ്റ് നൽകൽ എന്നിവ കൈകാര്യം ചെയ്യുന്നത് സർവകലാശാലയാണ്. എന്നാൽ ഇവിടങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളുടെ നിയന്ത്രണം സർവകലാശാലയുടെ പരിധിയിൽ വരുന്നില്ല.
കേരളസർവകലാശാലയ്ക്ക് തീർത്തും ജനാധിപത്യപരമായ ഒരു പ്രവർത്തന ഘടനയാണുള്ളത്. സർവകലാശാലയ്ക്ക്, സെനറ്റ്, അക്കാദമിക കൗൺസിൽ എന്നിങ്ങനെ രണ്ടു ഉന്നതാധികാരസഭകൾ ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും വിദ്യാർത്ഥി പ്രതിനിധികളും ഇതിലുൾപ്പെടുന്നു. നിർവാഹക സമിതിയായ സിൻഡിക്കേറ്റിലും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. 1939 -മുതൽ സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയനും പ്രവർത്തിച്ചുവരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലായി പ്രവർത്തിച്ചു വരുന്ന സർവകലാശാലാ പഠന കേന്ദ്രങ്ങൾ, തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു നിന്നുള്ള വിദ്യാർഥികൾക്കു മികച്ച സേവനമാണ് നൽകുന്നത്. ഇത് കൂടാതെ 13 താലൂക്ക് ഇൻഫർമേഷൻ സെന്ററുകളും, കലാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളും വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നു. നാഷണൽ സർവീസ് സ്കീം കോ-ഓർഡിനേറ്ററും, സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടറും യൂണിവേഴ്സിറ്റി യൂണിയനുമായി സഹകരിച്ച് യുവജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മികച്ച എൻ. എസ്. എസ്. പ്രവർത്തനങ്ങൾക്കുള്ള 2005 -ലെ ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടിയത് കേരള സർവകലാശാലയാണ്. സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അതുല്യരായ ഒട്ടനവധി സ്പോർട്സ് താരങ്ങളെയാണ് രാജ്യത്തിന് സമ്മാനിച്ചിട്ടുള്ളത്. നഗരഹൃദയത്തിലുള്ള സർവകലാശാലാ സ്റ്റേഡിയത്തിൽ ലോകോത്തര സൗകര്യങ്ങളോടു കൂടിയ സിന്തറ്റിക് ട്രാക്കും ഒരുക്കിയിട്ടുണ്ട്. സർവകലാശാലയുടെ പ്രധാന ലൈബ്രറി സർവകലാശാലാ ആസ്ഥാനത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കാര്യവട്ടം ക്യാമ്പസിൽ പൊതു ലൈബ്രറിയും, എല്ലാ പഠന വകുപ്പുകളിലും പ്രത്യേകം ലൈബ്രറികളും പ്രവർത്തിക്കുന്നു.
വിവിധ പഠന വിഭാഗങ്ങൾക്കും, കേന്ദ്രങ്ങൾക്കും, കലാലയങ്ങൾക്കും പുറമേ ചില പ്രധാനപ്പെട്ട സ്ഥാപനങ്ങളും കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ യു.ജി.സി. സഹായത്താൽ നടപ്പിലാക്കിയ അക്കാദമിക് സ്റ്റാഫ് കോളേജ് ഇതിൽ പ്രധാനപ്പെട്ടതാണ്. രാജ്യമെമ്പാടുമുള്ള 15000-ത്തോളം അദ്ധ്യാപകർ ഇതിനകം ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. തുടർച്ചയായി രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ ഈ സ്ഥാപനത്തിന് കഴിയുന്നു. അഭ്യസ്തവിദ്യരുടെ തുടർ-വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന വയോജന തുടർ വിദ്യാഭ്യാസകേന്ദ്രം 2005-ൽ യുനെസ്കോയുടെ സാക്ഷരതാ അവാർഡ് കരസ്ഥമാക്കി. സർവകലാശാലയുടെ തന്നെ ഏറ്റവും പഴയ വിഭാഗങ്ങളിൽ ഒന്നായ പ്രകാശനവിഭാഗം ഒട്ടനവധി വിലപ്പെട്ട പുസ്തകങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. സംസ്കൃതവ്യാകരണ ഗ്രന്ഥമായ സരസ്വതീകണ്ഠാഭരണം, മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ രചിച്ച കേരളസാഹിത്യചരിത്രം അഞ്ച് വാല്യങ്ങൾ, സാഹിത്യ നായകന്മാർ (പരമ്പര), ചിത്രരാമായണം, ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ്-മലയാളം വിവർത്തനം, എന്നിവ അവയിൽ ചിലതാണ്. സർവകലാശാലയുടെ മലയാളം ലെക്സിക്കൻ വിഭാഗം വിവിധ വാല്യങ്ങളിലായി മലയാളത്തിൽ സമ്പൂർണ്ണ നിഘണ്ടു പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിൽ 9 എണ്ണം പ്രകാശനം ചെയ്തു. തുടർ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണ് കേരളസർവകലാശാലാ കമ്പ്യൂട്ടർ സെന്‍റര്‍. ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതും കമ്പ്യൂട്ടർ സെന്‍റര്‍ ആണ്. സർവകലാശാലയുടെ വെബ് സൈറ്റ് 2000 -ൽ നിലവിൽ വന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ ഉപകരിക്കുന്ന വിധത്തിൽ സർവകലാശാലയെ സംബന്ധിക്കുന്ന വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.