പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് സ്ഥാപകന്‍

സ്ഥാപകന്‍

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

imagee ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

തിരുവിതാംകൂർ രാജവംശത്തിലെ അമ്പത്തിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു ശ്രീപത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. ഇദ്ദേഹമാണ് 1949 -വരെ തിരുവിതാംകൂർ ഭരിച്ചത്. 1937 - ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്‍റെ വിളംബരം അനുസരിച്ചാണ് കേരള സര്‍വ്വകലാശാലയുടെ ആദ്യരൂപമായ തിരുവിതാംകൂർ സർവകലാശാല രൂപംകൊണ്ടത്. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടെയും ശ്രീപൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മൂത്ത മകനായിരുന്നു ഇദ്ദേഹം. (നവംബർ 7, 1912 – ജൂലൈ 19, 1991). മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ശ്രീപത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീപത്മനാഭദാസന്മാരാണ്. അവര്‍ കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി. മേജർ ജനറൽ ഹിസ് ഹൈനസ്സ് ശ്രീപത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാംകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗികമായ പുർണ്ണനാമം.

1924-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നിര്യാണത്തിനു ശേഷം തിരുവിതാംകൂറിന്റെ മഹാരാജാവായി 12 വയസ്സു മാത്രമുണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടു. പ്രായക്കുറവു കാരണം ശ്രീ ചിത്തിര തിരുനാളിന് 18 വയസ്സ് തികയുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജന്റ്) ആയി രാജ്യം ഭരിച്ചു. 1931 നവംബർ 6-നു സ്വന്തം നിലയിൽ തിരുവിതാംകൂറിന്റെ ഭരണം ആരംഭിച്ചു, അതോടെ റീജന്റ് ഭരണം അവസാനിച്ചു. ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഓണററി മേജർ ജനറലും തിരുവിതാംകൂർ സൈന്യത്തിന്റെ സർവ്വസൈന്യാധിപനും കേണൽ-ഇൻ-ചീഫും ആയിരുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ സൈന്യത്തെ ഇന്ത്യൻ കരസേനയിൽ (മദ്രാസ് റെജിമെന്റിൽ) ലയിപ്പിച്ചതോടെ ശ്രീ ചിത്തിര തിരുനാളിന് ഇന്ത്യൻ കരസേന ഓണററി കേണൽ പദവി നൽകി ആദരിച്ചു. ഇന്ന് മദ്രാസ് റെജിമെന്റിന്റെം ഒൻപതും പതിനാറും ബറ്റാലിയനുകൾ എന്നറിയപ്പെടുന്നത് മുമ്പത്തെ തിരുവിതാംകൂറിന്റെ ഒന്നും രണ്ടും ബറ്റാലിയനുകൾ ആണ്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറിൽ ബ്രിട്ടീഷ് ആധിപത്യം ഇല്ലാതായി. അതുകൊണ്ട് ശ്രീ ചിത്തിര തിരുനാൾ സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കി നിർത്തുവാൻ തീരുമാനിച്ചു. ഇത് ഇന്ത്യൻ യൂണിയനു സ്വീകാര്യമല്ലാതിരുന്നതിനാൽ 1947-ൽ വി. പി. മേനോന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയനും ശ്രീ ചിത്തിര തിരുനാളും തമ്മിൽ ചർച്ച തുടങ്ങുകയും അതിന്റെ ഫലമായി 1949-ൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ശ്രീ ചിത്തിര തിരുനാൾ തീരുമാനിക്കുകയും ചെയ്തു. അതിനു ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 7 വർഷം അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. 1956 -ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖന്റെ സ്ഥാനത്ത് നിന്ന് വിരമിച്ചു. 1971 -ൽ ഇന്ത്യൻ സർക്കാർ പ്രിവിപേഴ്സ് നിർത്തലാക്കിയതോടെ ശ്രീ ചിത്തിര തിരുനാളിനു ഭരണാധികാരി എന്ന നിലയിൽ ഉള്ള അധികാരങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. എന്നാൽ അദ്ദേഹം ഒപ്പ് വച്ച ഉടമ്പടികൾക്കോ സ്ഥാനപ്പേരിനോ മാറ്റം വന്നില്ല. അങ്ങനെ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂറിന്റെ ടൈറ്റുലാർ മഹാരാജാവായി അറിയപ്പെട്ടു.

ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹത്തിന്റെ ഭരണത്തിന്റെ സവിശേഷതകളായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ഇദ്ദേഹമാണ്. 1946 -ലെ പുന്നപ്ര വയലാർ പ്രക്ഷോഭത്തെ തുടർന്ന് നടന്ന വെടിവെപ്പും, 1947 -ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനവും, സർ സി. പി. രാമസ്വാമി അയ്യർക്ക് ദിവാൻ എന്ന നിലയിൽ അമിത സ്വാതന്ത്ര്യം നൽകി എന്നതുമാണ് അദ്ദേഹത്തിന്റെ ഭരണത്തിലെ പ്രധാന ന്യൂനതകളായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്.