പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English


ചാൻസലർ - കേരള ഗവർണർ

imagee

ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍

ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ 1951 നവംബർ 18-ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ചു. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ബി. എ. ഓണേഴ്സ് ബിരുദം (1972-73) നേടിയ അദ്ദേഹം ഉത്തർപ്രദേശിലെ ലഖ്‌നൗ സർവ്വകലാശാലയിൽ നിന്നും എൽ. എൽ. ബി. (1977) പാസ്സായി. വിദ്യാർത്ഥി നേതാവ് ആയിരിക്കെ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയും (1972-73) പ്രസിഡന്‍റും (1973-74) ആയിരുന്നു.

അദ്ദേഹം 1977-ൽ തന്‍റെ 26-ാം വയസ്സിൽ ബുലന്ദ്ശഹ്റിലെ സിയാന മണ്ഡലത്തിൽ നിന്നും വിജയിച്ച് ഉത്തർ പ്രദേശിലെ നിയമസഭയിൽ അംഗമായി. 1980-ൽ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ കാൺപൂരിൽ നിന്നും ഏഴാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വീണ്ടും അദ്ദേഹം പാർലമെന്‍റ് അംഗമായി ബഹ്‌റായിച്ച് മണ്ഡലത്തിൽ നിന്നും 8, 9, 12 ലോകസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭരണമികവ് രാജ്യതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. 1989-90 കാലഘട്ടത്തിൽ കേന്ദ്ര മന്ത്രിയായിരിക്കെ ഊർജം, സിവിൽ വ്യോമയാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അതിനു മുൻപ് വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും (1982-83) സംസ്ഥാന തലത്തിൽ കൃഷി (1883-84)- ഊർജ്ജ(1984, 1985-86)-വ്യാവസായിക, കമ്പനി കാര്യ (1984-85) - ആഭ്യന്തര (1985) വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ശ്രീ ഖാൻ കേന്ദ്രീയ ഹിന്ദി സമിതിയിൽ 1980-82 കാലത്ത് അംഗമായിരുന്നു. പാർലമെന്‍റ് അംഗമായിരിക്കെ അദ്ദേഹം പൊതുഭരണകാര്യം, ആഭ്യന്തരകാര്യം, വിദേശ കാര്യം എന്നിവയുടെ പാർലമെന്‍റ് കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. 2010-ൽ പ്രസിദ്ധീകരിച്ച 'ടെക്സ്റ്റ്‌ ആൻഡ് കോൺടെക്സ്റ്റ്‌ : Quran and Contemporary Challenges' എന്ന കൃതിയുടെ കർത്താവാണ് ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ. മതനവീകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സുപ്രസിദ്ധനായ എഴുത്തുകാരനും പംക്തിക്കാരനും ആണ് അദ്ദേഹം. അത്യുത്സുകനായ വായനക്കാരൻ ആയ അദ്ദേഹത്തിന്‍റെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിലും, രാജ്യത്ത് അങ്ങോളം ഇങ്ങോളം ഉള്ള സദസ്സുകളിലും പ്രസിദ്ധമാണ്. ധാരാളം യാത്ര ചെയ്തിട്ടുള്ള ശ്രീ. ഖാൻ, ഇന്ത്യയുടെ പ്രാതിനിധ്യത്തെ നോൺ-അലൈൻഡ് ഇൻഫർമേഷൻ മിനിസ്റ്റേർസ് കോൺഫറൻസ് (1982) വേൾഡ് ഇക്കണോമിക് ഫോറം (1990, സ്വിറ്റ്‌സർലാൻഡ്) എന്നിവിടങ്ങളിൽ എത്തിച്ചു. 1998-ൽ മോസ്‌കോയിൽ നടന്ന നൂറാമത് ഐ. പി. യു. കോൺഫറൻസിലും അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു.

ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ ശ്രീമതി രേഷ്മ ആരിഫിനെ വിവാഹം ചെയ്തു. അവർക്ക് രണ്ടു പുത്രന്മാർ ഉണ്ട്. അഭിഭാഷകൻ ആയ ശ്രീ മുസ്തഫ ആരിഫും പൈലറ്റ് ആയി പരിശീലനം നേടിയ, ഇപ്പോൾ ഉത്തർപ്രദേശിൽ തന്‍റെ താത്പര്യമേഖലയായ ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ശ്രീ. കബീർ ആരിഫും. 22-ാം കേരള ഗവർണർ ആയി 2019 സെപ്റ്റംബർ 6-ന് അദ്ദേഹം ചുമതലയേറ്റു.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക